കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി മജിസ്‌ട്രേറ്റ് കൈവശം വെയ്ക്കുകയും പരിശോധിക്കുകയും ചെയ്‌തെന്ന് റിപ്പോർട്ട്. വിഷയത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരെ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.
സ്വന്തം ലാപ്‌ടോപ്പിൽ നിന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അവർ പ്രദർശിപ്പിച്ചെന്നും പ്രോസിക്യൂഷന്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി ബി മിനി വഴി ഫയൽചെയ്തിരിക്കുന്ന ഉപഹർജിയിൽ ആരോപിക്കുന്നുണ്ട്.
എന്നിട്ടും ഇവരെയടക്കം മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിലവിൽ ഹെക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു. ഐജി റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് അതിജീവിത ആവശ്യം ഉന്നയിച്ചിരുന്നു.
2017 മാർച്ച് അഞ്ചിന് അങ്കമാലി മജിസ്ട്രേറ്റായി ലീനാ റഷീദ് എത്തിയതോടെയാണ് കേസിൽ അട്ടിമറി ശ്രമം നടന്നതെന്നാണ് ആരോപണം. 2017 ഡിസംബർ 15-ന് കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപ് രണ്ട് അഭിഭാഷകരോടൊപ്പം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തുകയും, അവർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് തന്റെ ലാപ്ടോപ്പിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ദിലീപ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണിച്ചതെന്ന് അങ്കമാലി മജിസ്ട്രേറ്റ് നൽകിയ മൊഴി അന്വേഷണറിപ്പോർട്ടിൽ രേഖപ്പെടുത്തിയത് തെറ്റും നടപടി ആവശ്യപ്പെടുന്ന പെരുമാറ്റദൂഷ്യവുമാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽവെച്ച് ദിലീപിന്റെ അഭിഭാഷകർ ദൃശ്യങ്ങൾ കണ്ടുവെന്നത് അന്വേഷണറിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിനെതിരായി ഉപയോഗിക്കാൻ കഴിയുന്നതാണിത്. അതൊരുവീഴ്ചയായി കാണാനാകില്ല. ഇത് ജുഡീഷ്യൽ ഓഫീസറുടെ നിഷ്പക്ഷതയിൽ സംശയം ജനിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
ദൃശ്യങ്ങൾ കൈവശം വെച്ചതടക്കം നിരവധി കുറ്റങ്ങളാണ് മജിസ്‌ട്രേറ്റ് ലീന റഷീധിന് എതിരെ ഉയർന്നിരിക്കുന്നത്.