ബസുകളെ ഇനി ഒത്തിരി സുന്ദരമാക്കേണ്ട; ഇനി മുതല്‍ ചിത്രപ്പണികളുള്ള ബസുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ബസിന്റെ പുറംഭാഗങ്ങളില്‍ ഉപയോഗിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങിയിരിക്കുന്നത്

തിരുവനന്തപുരം: കേരളത്തിലെ ബസുകളിലെ അലങ്കാര പണികള്‍ക്ക് താഴിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിലെ പുറംമോടിയ്ക്കായി പതിച്ചിട്ടുള്ള സിനിമാ താരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടു. മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ബസിന്റെ പുറംഭാഗങ്ങളില്‍ ഉപയോഗിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. ജനുവരി 31നുള്ളില്‍ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. ഇല്ലെങ്കില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും.

ബസുകളിലെ ലേസര്‍ ഷോകളും അമിത ശബ്ദവും നിരോധിച്ചതിനൊപ്പം ചിത്രങ്ങളും നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദമുയര്‍ത്തി ഇതിനെ ബസുടമകള്‍ പ്രതിരോധിച്ചു. ഇതിനിടെ ചിലര്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ കേസില്‍ മോട്ടോര്‍ വാഹന വകുപ്പിന് അനുകൂലമായ വിധി വന്നതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്.

ഇതിനു പുറമെ വാഹനങ്ങളുടെ രൂപഘടന മാറ്റുന്നതും തടയും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നുള്ള അനുകൂല ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിലാണിത്. നിര്‍മ്മാതാവ് നിര്‍ദേശിക്കാത്ത യാതൊരു വിധ മാറ്റങ്ങളും ഇനി വണ്ടികളില്‍ അനുവദിക്കില്ല. നിറം മാറ്റാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ഇതിന് അപേക്ഷ നല്‍കി വാഹനം പരിശോധനക്കായി ഹാജരാക്കി അനുമതി നേടിയതിന് ശേഷം മാത്രമേ നിറം മാറ്റാന്‍ സാധിക്കുകയുള്ളു. നിറം മാറ്റിയശേഷവും വാഹനം ഹാജരാക്കണം.

വണ്ടികളുടെ വശങ്ങളില്‍ വര്‍ണ ലൈറ്റുകള്‍ ഘടിപ്പിക്കുക, സൈലന്‍സറുകളില്‍ മാറ്റം വരുത്തുക, ഹെഡ് ലൈറ്റുകളും മുന്‍വശത്തെ ഗ്രില്ലുകളും മാറ്റുക, വലിയ ടയര്‍ ഉപയോഗിക്കുക, ഫൈബര്‍ ഘടകങ്ങള്‍ വച്ചുപിടിപ്പിക്കുക എന്നിവയെല്ലാം നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പരിശോധന നടത്താനും മോട്ടേര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version