ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദക്കേസില്‍ യോഗഗുരു ബാബാ രാംദേവിന് തിരിച്ചടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച
മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി. തങ്ങള്‍ അന്ധരല്ലെന്നും ഉദാരത കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്സനുദ്ദീന്‍ അമാനുള്ളയുടെയും ബെഞ്ച് മാപ്പ് അപേക്ഷ നിരസിച്ചത്.
പതഞ്ജലി സഹസ്ഥാപകര്‍ നല്‍കിയത് കള്ള സത്യവാങ്മൂലം ആണെന്നും സത്യവാങ്മൂലത്തിന്റെ ആനുകൂല്യം നല്‍കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം പ്രത്യേകം പരിശോധിക്കും എന്നും കോടതി പറഞ്ഞു. കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വഴിയൊന്നുമില്ലാതെ കടുത്ത സമ്മര്‍ദത്തിലായതിനാലാണ് മാപ്പപേക്ഷ നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടിയില്‍ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഏത് ആരോഗ്യസേവനമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും എന്നാല്‍, ഏതെങ്കിലും ചികിത്സാ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ആയിരുന്നു കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
രോഗശമനശേഷി അവകാശപ്പെട്ടോ മറ്റു ചികിത്സാരീതികളെ കുറ്റപ്പെടുത്തിയോ പരസ്യം നല്‍കില്ലെന്ന് നവംബര്‍ 21-ന് പതഞ്ജലി സുപ്രീംകോടതിയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതു പാലിച്ചില്ലെന്നുകാട്ടി ഐഎംഎ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പതഞ്ജലി മേധാവികളെ ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ച് വിളിച്ചുവരുത്തിയത്. പരസ്യങ്ങള്‍ നല്‍കിയതിന് മാപ്പപേക്ഷിച്ചുകൊണ്ട് പതഞ്ജലി നല്‍കിയ സത്യവാങ്മൂലം സുപ്രീംകോടതി സ്വീകരിച്ചില്ല.
Discussion about this post