തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ ക്ലാസിക് ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധേയനായ നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി കലാമേന്മയുള്ള ചിത്രങ്ങളുടെ നിർമാതാവാണ് ഗാന്ധിമതി ബാലൻ. ഗാന്ധിമതി ഫിലിംസിന്റെ ബാനറിലാണ് സംവിധായകൻ പദ്മരാജന്റെ മിക്കസിനിമകളും ഒരുങ്ങിയത്. കൂടാതെ, ബാലചന്ദ്ര മേനോൻ, ശശികുമാർ, വേണു നാഗവള്ളി, ജോഷി എന്നിവരുടെ ചിത്രങ്ങളും നിർമിച്ചു.
പിന്നീട് സംവിധാകൻ പദ്മരാജന്റെ അകാലവിയോഗത്തിന് ശേഷം ഗാന്ധിമതി ബാലൻ പിന്നീട് സിനിമ നിർമിച്ചില്ല. എന്നാൽ നിർമാണത്തിന് മേൽനോട്ടം വഹിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. സാഹിത്യ , സാമൂഹിക, സാംസ്കാരിക വേദികളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു.
ALSO READ- പ്രസവ ശേഷം അസ്വസ്ഥത: ചികിത്സയിലിരിക്കെ യുവതി മരിച്ചു, ആശുപത്രിയ്ക്കെതിരെ ബന്ധുക്കള്‍
2015 നാഷണൽ ഗെയിംസിന്റെ ചീഫ് ഓർഗനൈസർ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി, അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചു. പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.
ഭാര്യ – അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെഎം ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).