കൊച്ചി: വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോര്‍ഡിലേക്ക് കുതിയ്ക്കുകയാണ്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് കെഎസ്ഇബി. വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നാണ് ആവശ്യം. ലോഡിലുണ്ടായ ക്രമാതീതമായ വര്‍ധനമൂലം ട്രാന്‍സ്‌ഫോര്‍മറുകളടക്കം കത്തിപോകുന്ന ഗുരുതരമായ സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി പറയുന്നു.
കനത്ത ചൂടിനെ അതിജീവിക്കാന്‍ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് കേരളത്തില്‍. ഓരോ വീട്ടിലും എസിയെന്ന നിലയിലേക്ക് സ്ഥിതി മാറിയതോടെ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. ഇതിനിടെ വൈദ്യുതി മണിക്കൂറുകളോളം തടസപ്പെടുന്നതും പതിവായതോടെ കെഎസ്ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും ശത്രുപക്ഷത്താണ്. ലോഡ് കൂടി 11 കെവിലൈനിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യം ഒഴിവാക്കാനുള്ള ചില പൊടികൈകളാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശിക്കുന്നത്.
വാഷിങ് മെഷീനില്‍ തുണികള്‍ കഴുകുന്നതും തേക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക. എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം. ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകല്‍ സമയത്ത് പമ്പിങാകാം. എത്ര ശ്രമിച്ചിട്ടും ട്രാന്‍സ്‌ഫോര്‍മറുകളുടെ ലോഡ് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് മിക്കയിടങ്ങളിലും. 5000 വാട്ട്‌സിന് മുകളിലുള്ള ഉപഭോക്താക്കള്‍ ത്രീ ഫേസ് കണക്ഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഖലയെ താറുമാറാക്കുന്നു. ജയറാം, അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ ബോധവത്കരണ വീഡിയോകളും കെഎസ്ഇബി പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post