തിരുവവന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 13 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 12,13 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ഇടിമിന്നല്‍ സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ALSO READ വിഷു വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴക്കുലകള്‍ മോഷണം പോയി, രണ്ടുപേർ പിടിയിൽ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ വേനല്‍ മഴയെത്തുമെങ്കിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളില്‍ ശനിയാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.