തൃശൂര്‍: പദ്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ വെച്ച് ബിജെപി അംഗത്വം നല്‍കിയ പദ്മജ വേണുഗോപാലിന്റെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
അമ്മയുടെ കര്‍മ്മങ്ങള്‍ നടക്കുന്ന ദിവസം ഇത്തരം ഒരു രാഷ്ട്രീയ പരിപാടി സ്വീകരിച്ചത് തരംതാണ നടപടിയാണെന്നും, എന്നും കോണ്‍ഗ്രസായിരുന്ന, അച്ഛന്റെ നിഴല്‍പറ്റിമാത്രം ജീവച്ച ഒരാളായിരുന്നു അമ്മയെന്നും മുരളീധരന്‍ പറഞ്ഞു,
ഇത്തരമൊരു കാര്യം അച്ഛന്റെ നിഴലായി നടന്ന അമ്മയുടെ ഓര്‍മ്മദിനത്തില്‍ പദ്മജ ചെയ്തതതില്‍ ദു:ഖമുണ്ട്. മുരളീമന്ദിരമെന്ന കെട്ടിടം തനിക്ക് വേണ്ടതില്ലെന്നും എന്നാല്‍ എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഇങ്ങിനെ ഒരു നിലപാട് എടുത്തിരുന്നില്ലെങ്കില്‍ ഞാന്‍ സ്വയം ആ വീടിന്റെ അവകാശം അവര്‍ക്ക് എഴുതിക്കൊടുക്കുമായിരുന്നു. ഇത് രാഷ്ട്രീയ പോരാട്ടമാണ്, ഇന്ത്യാരാജ്യം ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പില്‍ കുടുംബകാര്യം സംസാരിക്കേണ്ടതില്ലെന്നും പ്രാര്‍ത്ഥിക്കുന്നത് നല്ലതെന്നും തന്റെ അമ്മയുടെയും അച്ഛന്റെയും സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ബുദ്ധിയില്ലാത്തവര്‍ക്ക് ബുദ്ധിവരുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.