കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പോലീസിൽ കീഴടങ്ങിയ മാവോവാദി സുരേഷിന് സർക്കാരിന്റെ വക ആനുകൂല്യങ്ങൾ. ചിക്കമംഗളൂരു സ്വദേശിയായ സുരേഷിന് സർക്കാർ ഉടൻ നൽകുന്നത് 10 ലക്ഷം രൂപ. മറ്റാനുകൂല്യങ്ങളും പിന്നാലെ നൽകും.
സുരേഷിന്റെ പേരിൽ കർണാടകയിൽ 61 കേസുകളും കേരളത്തിൽ ഇരുപതോളം കേസുകളുമുണ്ട്. സംസ്ഥാന സർക്കാരുകൾ തമ്മിൽ സംസാരിച്ച് ഈ കേസുകൾ പിൻവലിക്കാൻ ധാരണയായാൽ സുരേഷിന് മറ്റ് ശിക്ഷകൾ ഒന്നും നേരിടാതെ സാധാരണ ജീവിതം നയിക്കാം.
സുരേഷ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്. നേരത്തെ, 2021-ൽ വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയ വിരാജ്പേട്ടയിലെ രാമു വയനാട് എന്ന ലിജേഷിന് ഉടനെ തന്നെ 3.94 ലക്ഷം രൂപ കൊടുത്തിരുന്നു. പിന്നീട് നിത്യച്ചെലവിന് എന്നപേരിൽ മാസം 4000 രൂപ വേറെ നൽകുന്നു. സഹോദരിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവിന് 15,000 രൂപയും നൽകി. സെന്റിന് അഞ്ചുലക്ഷത്തോളം രൂപ വരുന്ന നാലര സെന്റ് വീട് വെയ്ക്കാനായി വാങ്ങിക്കൊടുത്തു. ഇവിടെ വീടുപണിയാൻ 23 ലക്ഷം രൂപയും നൽകി. ഈ വീടിന്റെ പണി പൂർത്തിയായി വരികയാണ്. അടുത്തദിവസം താക്കോൽ കൈമാറും. ഉപകരണങ്ങളടക്കം പൂർണമായി സജ്ജമാക്കിയ വീടാണ് കൈമാറുന്നത്.
വീട് പണി തീരുന്നതുവരെ മാസം 15,000 രൂപ വാടകയുള്ള, രണ്ടുമുറി എയർ കണ്ടീഷൻചെയ്ത വീട്ടിലാണ് ലിജേഷിനെ പാർപ്പിച്ചിരിക്കുന്നത്. വാടക നൽകുന്നതും സർക്കാർ തന്നെ. ലിജേഷിനുവേണ്ടി ഇതുവരെ 65 ലക്ഷം രൂപയോളമാണ് സർക്കാർ ചെലവിട്ടത്. അതേസമയം, കീഴടങ്ങുന്ന ഓരോ മാവോവാദിക്കുംവേണ്ടി ഒരുകോടി വീതം ചെലവാക്കിയാലും സർക്കാരിന് നഷ്ടമില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പോലീസ് ഓഫീസറുടെ പ്രതികരണമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
പശ്ചിമഘട്ട മലനിരയിലെ കൊടുംകാട്ടിൽ അലയുന്ന ആറോ ഏഴോ മാവോവാദികളെ പിടിക്കാൻ കേരള സർക്കാർ വിന്യസിച്ചിരിക്കുന്നത് 600 അംഗ സേനയെ ആണ്. ഇവരുടെ ശമ്പളത്തിനുമാത്രം മാസം അഞ്ചുകോടി രൂപ വേണം. അത്യാധുനിക സംവിധാനങ്ങൾ നിലനിർത്തുന്നതിന്റെയും ചെലവ് ചേർത്താൽ ഏഴുകോടിയോളം വരും. വർഷം 80-85 കോടി രൂപയോളം ഇവർക്കായി ചെലവിടുന്നുണ്ട്. പശ്ചിമഘട്ടത്തിൽ മാവോവാദികൾ ഇല്ലാതായാൽ ഈ തുക സർക്കാരിന് ലാഭിക്കാമെന്നാണ് പോലീസ് ഭാഷ്യം.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുരേഷ് ഞായറാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലാണ് മാവോവാദം ഉപേക്ഷിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്. 23 വർഷം മാവോവാദിയായി പ്രവർത്തിച്ചിട്ടും ഒന്നുംചെയ്യാൻ സാധിച്ചില്ല. കീഴടങ്ങണമെന്ന് നേരത്തേതന്നെ ആഗ്രഹിച്ചിരുന്നു. പൊളിറ്റിക്കൽ സയൻസിലെ ബിരുദത്തിനുശേഷമാണ് മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സുരേഷിനെ കീഴടങ്ങിയ മാവോവാദിയായി സർക്കാർരേഖ പ്രകാരം കണക്കാക്കിയാൽ വലിയ ആനുകൂല്യങ്ങൾ അദ്ദേഹത്തിന് ലഭിക്കും. 10 ലക്ഷം രൂപ ഉടൻ നൽകും.
കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങൾക്കായി മാവോവാദികൾ രൂപവത്കരിച്ച പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള കബനീദളത്തിലാണ് സുരേഷ് പ്രവർത്തിച്ചിരുന്നത്.
Discussion about this post