തിരുവനന്തപുരം: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഹൈറിച്ച് തട്ടിപ്പിനെതിരെ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ കേസുകളാണ് നിലവിലുള്ളത്. കേസുമായി ബന്ധപ്പെട്ട പെര്ഫോര്മ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഹൈറിച്ചിന് മുമ്പും മറ്റു പേരുകളിലും ഹൈറിച്ച് ഉടമകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഹൈറിച്ച് ഉടമകളായ പ്രതാപന്, ശ്രീന എന്നിവര്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിലൂടെ പേരിലുള്ള സ്ഥാവര ജംഗമവസ്തുക്കള്‍ ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയില്‍ മറുപടി നല്‍കിയിരുന്നു.
ഒടിടി പ്ളാറ്റ് ഫോം, ക്രിപ്റ്റോ കറന്‍സി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികള്‍ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതിനിടെ ഹൈറിച്ചിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോഴ നല്കി കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഗ്രൂപ്പ് അംഗത്തിന്റെ ശബ്ദരേഖയാണ് ചോര്‍ന്നത്. അംഗങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയെന്ന് ശബ്ദരേഖയില്‍ പറഞ്ഞിരുന്നു .
Discussion about this post