തിരുവനന്തപുരം: കേരളത്തെ മോശമാക്കി ചിത്രീകരിച്ചെന്ന പേരിൽ വിവാദമായ സിനിമ ദ കേരള സ്റ്റോറി ഇടുക്കി അതിരൂപത കുട്ടികൾക്കായി പ്രദർശിപ്പിച്ച സംഭവം വലിയ ചർച്ചയാകുന്നു. ദൂരദർശനിൽ കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ കേരളത്തിൽ വിവാദങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഇടുക്കി രൂപത അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശിപ്പിച്ചത്.
10,11,12 ക്ലാസുകളിലെ വിദ്യാർഥികളുടെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. ആക്ടിവിറ്റിക്ക് ലൗ ജിഹാദെന്ന് പേര് നൽകിയാണ് കേരളാ സ്റ്റോറി ചർച്ചചെയ്തതെന്ന് സിറോ മലബാർ സഭ പിആർഒ ഫാ. ആന്റണി വടക്കേക്കര പറയുന്നു.
ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ ധ്രുവികരണത്തിനും ഉപയോഗിക്കേണ്ടതില്ല. പ്രണയം എന്ന പ്രമേയത്തിന്റെ പല തലങ്ങൾ പഠിപ്പിക്കുന്നതിന്റെ ഭാഗമായി പ്രണയത്തിന്റെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കുട്ടികളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പ്രതികരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
പ്രണയത്തിന്റെ ചതിക്കുഴികളെ കുറിച്ച് വിശദീകരിക്കാൻ പറ്റിയ സിനിമ എന്ന തരത്തിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിച്ചത്. നമ്മുടെ സ്വന്തം കുട്ടികൾക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടാകുമ്പോൾ ആ മാതാപിതാക്കൾക്ക് ഇത് ഒരു തെറ്റായി തോന്നില്ല. ചിലയിടങ്ങളിൽ ഇത്തരം പ്രണയകുരുക്കുകളെ കുറിച്ചും ചതികളെ കുറിച്ചും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണടച്ച് ഇരുട്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമൂഹം അതിനെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. വ്യാപകമായി മറ്റ് മതവിഭാഗങ്ങളിൽ ഇത്തരത്തിലുള്ള പ്രണയ ചതികളോ പ്രണയകുരുക്കുകളോ ഉണ്ടാകുന്നുണ്ടെങ്കിൽ അതും സിനിമയാകട്ടെയെന്നും വലിയ ക്ലാസിലെ കുട്ടികൾക്കായാണ് സിനിമ പ്രദർശിപ്പിച്ചതെന്നും ഫാ. ആന്റണി പറഞ്ഞു.
താൻ ഈ സിനിമ കണ്ടതാണ്. ഇതൊരു മോശം സിനിമയാണെന്ന് തനിക്ക് അഭിപ്രായമില്ല. അതുകൊണ്ട് തന്നെ ഇത് കുട്ടികളെ കാണിക്കാൻ പാടില്ലാത്ത സിനിമയാണെന്ന് തോന്നുന്നില്ല. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ വിവാദമുണ്ടാക്കിയത് രാഷ്ട്രീയ പാർട്ടികളാണെന്നും ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു.
കലാമൂല്യമുള്ള സിനിമയാണെന്ന കാരണത്താൽ ഒരു ചിത്രം പ്രദർശിപ്പിക്കുന്നതിൽ തെറ്റ് പറയേണ്ടതില്ല.കേരളത്തെ മോശമായി അവതരിപ്പിക്കുന്നുവെന്നോ കേരളത്തിൽ പൂർണമായും ഇങ്ങനെയാണ് നടക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്നതായോ എനിക്ക് തോന്നുന്നില്ല. ഇങ്ങനെയുള്ള ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് അതിനെ അഭിസംബോധന ചെയ്യുന്നെന്നും ആന്റണി വടക്കേക്കര വിശദീകരിച്ചു.
ഈ സിനിമ താൻ കണ്ടത് ഇത്രയേറെ വിവാദമുണ്ടായതുകൊണ്ടാണെന്നും മറിച്ചായിരുന്നെങ്കിൽ കാണുമായിരുന്നില്ലെന്നും ആന്റണി വടക്കേക്കര പറയുന്നുണ്ട്. ഈ സിനിമ തിരഞ്ഞെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത രാഷ്ട്രീയമായ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കേണ്ടതില്ല. കാണേണ്ടവർക്ക് കാണാം. അല്ലാത്തവർ കാണേണ്ടതില്ല. ഇടുക്കി രൂപത കുട്ടികളിൽ അവബോധമുണ്ടാക്കാൻ ചിത്രം പ്രദർശിപ്പിച്ചഅതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി അത്രയേ ഉള്ളൂവെന്നാണ് ആന്റണി വടക്കേക്കരയുടെ അഭിപ്രായം.
Discussion about this post