ഇടുക്കി: ഏറെ വിവാദമായ ചിത്രം ‘ദ കേരള സ്റ്റോറി’ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത. ഇക്കഴിഞ്ഞ നാലാം തീയതിയാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് പ്രദർശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നിൽ സിനിമ പ്രദർശിപ്പിച്ചതെന്ന് രൂപത അധികൃതർ വിശദീകരിച്ചു.
അതേസമയം, വലിയ പ്രതിഷേധങ്ങൾക്കിടെ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസമാണ് ദൂരദർശനിൽ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിരെ സർക്കാരും പ്രതിപക്ഷവും ഒരുപോലെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. നഗ്‌നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു.
ALSO READ- ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒമ്പതാംക്ലാസുകാരിക്ക് ദാരുണമരണം
അതേസമയം, കേരളത്തിൽ വലിയ വിജയമായില്ലെങ്കിലും സിനിമ കേരളത്തിന് പുറത്ത് മോശമല്ലാത്ത ബോക്‌സ്ഓഫീസ് കളക്ഷൻ നേടിയിരുന്നു. ആദ ശർമ്മയെ നായികയാക്കി സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായാണ്.
ചിത്രം ആകെ ഇന്ത്യയിൽ നിന്നും 225 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് 5നാണ് ചിത്രം റിലീസായത്.