കരുനാഗപ്പള്ളിയില്‍ അമ്മ തീക്കൊളുത്തിയ ഏഴുവയസുകാരി മരിച്ചു, സഹോദരന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. മരിച്ച അര്‍ച്ചനയുടെ മകള്‍ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരന്‍ ആരവ് ചികിത്സയിലാണ്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മാര്‍ച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അര്‍ച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോള്‍ പുക ഉയരുന്നത് കണ്ടു. വീടിന്റെ ജനല്‍ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അര്‍ച്ചനയുടെ ഭര്‍ത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അര്‍ച്ചന ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിയായ അര്‍ച്ചന സുഡാനില്‍ നഴ്‌സിംഗ് ജോലി ചെയ്തിരുന്നു.

Exit mobile version