കോഴിക്കോട്: കാസർകോട് റിയാസ് മൗലവിയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം. സംഭവത്തിൽ പോലീസ് കേസെടുത്തു.
”റിയാസ് മൗലവി വധക്കേസിൽ സർക്കാർ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തു, വരുന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം സമുദായം ഇടതുപക്ഷത്തിനെതിരെ വിധിയെഴുതും” -എന്ന് കാന്തപുരം പറഞ്ഞുവെന്ന വ്യാജേന ആയിരുന്നു സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം.
കാന്തപുരത്തിന്റെ മർക്കസിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമിച്ച് കാന്തപുരത്തിന്റെ ചിത്രവും സന്ദേശത്തിനൊപ്പം ചേർത്തിരുന്നു. എപി അബൂബക്കർ മുസ്ല്യാർ കോൺഗ്രസിന് വോട്ട് അഭ്യർഥിച്ചു എന്നും ഇതിൽ ഉൾപ്പെടുത്തിയായിരുന്നു പ്രചാരണം.
ഷാഫി മലബാർ എന്ന ഫേയ്‌സ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സന്ദേശം പ്രചരിപ്പിച്ചത്. മർക്കസ് പബ്ലിക് റിലേഷൻ ജോയിന്റ് ഡയറക്ടർ നൽകിയ പരാതിയിൽ ഐപിസി 465, 471 എന്നീ വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്.