തിരുവില്വാമല: ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹവശിഷ്ടങ്ങില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റില്‍. തൃശൂര്‍ പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലാണ് സംഭവം. ശവസംസ്ക്കാരം കഴിഞ്ഞ ചിതയിലെ ചാരത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന സംഘത്തിലെ രണ്ടു പേരാണ് അറസ്റ്റിലായത്.
തമിഴ്നാട് കൃഷ്ണഗിരി പുള്‍ഗാന്‍ കോട്ട സ്വദേശികളായ മല്ലിക ( 45) ഇവരുടെ മകന് രേണുഗോപാല്‍ (25) എന്നിവരെ പഴയന്നൂര്‍ സി ഐ പി ടി ബിജോയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
സംസ്കാര സമയത്ത് മൃതദേഹങ്ങളില്‍ സ്വര്‍ണം നിക്ഷേപിക്കുന്ന ചടങ്ങ് ചില സമുദായങ്ങളില്‍ ഉള്ളവര്‍ പാലിക്കാറുണ്ട്. ഭര്‍ത്താവ് ജീവിച്ചിരിക്കേ ഭാര്യ മരിച്ചാല്‍ സംസ്കാര സമയത്ത് താലി മാല പലപ്പോഴും ഊരിയെടുക്കാറില്ല. ഈ സ്വര്‍ണം മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് മല്ലികയും രേണുഗോപാലും എത്തിയത്.
മോഷണം പതിവായതോടെ ഐവര്‍മഠം അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മോഷണത്തിനെത്തിയ മല്ലികയേയും രേണുഗോപാലിനെയും ഐവര്‍ മഠം ജീവനക്കാരാണ് പിടികൂടിയത്. ശേഷം ഇവരെ പോലീസിന് കൈമാറി.
ശവസംസ്കാരം കഴിഞ്ഞ് സഞ്ചയനത്തിന് മുമ്പ് ചിതയിലെ ചാരം വാരിയെടുത്ത് പുഴയില്‍ കൊണ്ടുപോയി വേര്‍തിരിച്ച് സ്വര്‍ണ്ണം എടുക്കുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. കേസില്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.
Discussion about this post