കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പിബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ ഉത്തരവിറക്കും.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പ്രതികരിച്ചു.
ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവുകിട്ടി.
എന്നാല്‍, കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അനിത കരഞ്ഞുപറഞ്ഞിട്ടും അധികൃതര്‍ ചെവികൊണ്ടില്ല.
ഇതോടെയാണ് അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. അനിതയ്ക്ക് പിന്തുണയുമായി ഐസിയു പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
Discussion about this post