തൃശ്ശൂർ: പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയോട് പ്രതികരിച്ച് സുരേഷ്ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും ഇത് പോരാട്ടം തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തിന് ബാധിക്കണം എന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി കൂടിയായ നടന്റെ മറുപടി.
ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തിൽ നിർത്താൻ പറ്റുമോ ? വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുകയാണ് സർക്കാർ ഉദ്ദേശ്യം. പറയാൻ ഒരുപാടു കാര്യങ്ങളുണ്ട്. എന്നാൽ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ല- എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണോ എന്ന ചോദ്യത്തോട് താൻ അതുപോലും പറയാൻ പാടില്ലെന്നും കോടതി പറയുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസ് തള്ളണമെന്ന സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ കേസിൽ നടൻ വിചാരണ നടപടികൾ നേരിടണമെന്നും കോടതി പറഞ്ഞു.
ALSO READ- കരിപ്പൂരിലെ സ്വർണം ‘പൊട്ടിക്കൽ’ കേസ്; പ്രളയകാലത്തെ രക്ഷകൻ ജൈസലിനെ അറസ്റ്റ് ചെയ്തു
നേരത്തെ വാഹനം രജിസ്റ്റർ ചെയ്ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ട് ആഡംബരവാഹ വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതുവഴി 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രം.
Discussion about this post