പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ട ആക്രമണം;വാളകത്ത് അരുണാചൽ സ്വദേശി മരിച്ച സംഭവത്തിൽ 10 പേർ പിടിയിൽ

മൂവാറ്റുപുഴ: കൂടെ ജോലി ചെയ്യുന്ന പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദ്ദനത്തിലെന്ന് പോലീസ്. യുവാവിന്റെ തലയ്ക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഈ കേസിൽ വാളകത്തെ പ്രദേശവാസികളായ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വാളകത്ത് വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെൺസുഹൃത്തിനെ രാത്രിയിൽ കാണാനെത്തിയ സമയത്തായിരുന്നു ആക്രമണം. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികിൽ കെട്ടിയിട്ടു മർദ്ദിച്ചെന്നാണ് പോലീസ് പറയുന്നത്. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് അശോകിനെ ആശുപത്രിയിൽ കൊണ്ടുപോയത്.

യുവാവിനെ ആശുപത്രിയിലെത്തിച്ച സമയത്ത് തന്നെ ആറുപേരെ പിടികൂടിയിരുന്നു. പിന്നീട് മരണം സ്ഥിരീകരിച്ചതോടെ ബാക്കി നാല് പേരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നാട്ടുകാർ പിടികൂടുമ്പോൾ അശോകിന്റെ കൈകളിൽ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു. ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്നതടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

പരിക്കേറ്റ അശോക് ദാസിനെ ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചത്.

also read- കടയിലേക്കുള്ള ഓര്‍ഡര്‍ ശേഖരിക്കാന്‍ പോകവെ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു, 43കാരിക്ക് ദാരുണാന്ത്യം

കൊല്ലപ്പെട്ട അശോക് ദാസും വാളകത്ത് വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാൾ മദ്യപിച്ചതായും കൈകളിൽ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും നാട്ടുകാർ പറയുന്നു. രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക്ദാസിനെതിരെ ഇവർ പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Exit mobile version