രാജ്യത്ത് തന്നെ വലിയരീതിയിൽ വിവാദമായ സിനിമ ‘ദി കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെ അനുകൂലിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവർക്കുമുണ്ട്. അത് കലയിലുടെ പ്രകടിപ്പിക്കാമെന്നാണ് മുരളീധരൻ പ്രതികരിച്ചത്.
ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമയെന്നും സിനിമ ഹാനികരമാണെങ്കിൽ അത് നോക്കാൻ സെൻസർ ബോർഡംഗങ്ങളടക്കമുള്ള സംവിധാനങ്ങളുണ്ടെന്നുമാണ് വി മുരളീധരൻ വിശദീകരിക്കുന്നത്.
അവർ പരിശോധിച്ച ശേഷം തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ ദൂരദർശനിൽ വരുന്നതിൽ തെറ്റില്ല. അങ്ങനെ പ്രദർശന വിലക്ക് ഏർപ്പെടുത്തണമെന്ന് പറയുന്നവർ അഭിപ്രായങ്ങളെ പേടിയുള്ളവരാണ്. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ഈ സിനിമ ശ്രമിക്കുന്നില്ല. ഇടത് പക്ഷത്തിന്റേത് സെലക്ടീവ് അഭിപ്രായ സ്വാതന്ത്ര്യമാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
അനുകൂലമായതിനെ മാത്രം പിന്തുണക്കുന്നവരാണ് ഇടത് പക്ഷം. സിനിമക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അവർ പരാതി കൊടുക്കട്ടെ. ഭീകരവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാൻ നാലു ദിവസം വേണ്ടി വന്നവരല്ലേ അവരെന്നും മുരളീധരൻ വിമർശിച്ചു.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചിരുന്നു. ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഏപ്രിൽ അഞ്ചിനാണ് കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യുന്നത്.
ALSO READ- തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി; എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞ് കുറ്റിപ്പുറത്തെ ലോ കോളേജ് വിദ്യാർത്ഥികൾ; പ്രതിഷേധത്തിനിടെ മടക്കം
‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു.
Discussion about this post