കോഴിക്കോട്: തിരഞ്ഞെടുപ്പ് ആരംഭിച്ച കാലത്തോളം പഴക്കമുണ്ട് അപരന്മാരുടെ വോട്ടുപിടുത്തത്തിനും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും അപരന്മാർ കളം നിറയുകയാണ്. പ്രമുഖ സഥാനാർത്ഥികൾക്ക് ഭീഷണി ഉയർത്തിയാണ് അപരന്മാർ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവായ പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അപരന്മാരെ ഗൗരവമായി കാണുന്നില്ലെന്ന് ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.
മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന് അപരനായി സ്വതന്ത്ര സ്ഥാനാർഥി സുരേഷ് കുമാർ രംഗത്തുണ്ട്. വടക്കോട്ട് എത്തുമ്പോഴേക്കും അപരന്മാരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. കോഴിക്കോടും വടകരയിലും പ്രമുഖ സ്ഥാനാർഥികൾക്ക് 3 അപരന്മാരാണ് ഉള്ളത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന് അപരന്മാരായി 3 പേരുണ്ട്.
കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനും 3 പേരാണ് അപരന്മാർ. വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് 3 അപരന്മാർ. ഷാഫി പറമ്പിലിന് 2 അപരൻ. എൻ കെ പ്രേമചന്ദ്രന് അപരനായി ഒരാൾ. കണ്ണൂരിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്കും അപരന്മാരുണ്ട്. എം വി ജയരാജന് 3 അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് രണ്ട് അപരന്മാർ. ശശി തരൂരിന് ഒരു അപരൻ. അടൂർ പ്രകാശിന് രണ്ട് അപരന്മാർ.
വടകരയിൽ ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് മത്സര രംഗത്തുള്ളത്.കെ കെ ശൈലജക്ക് മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്. അപരന്മാരിൽ കെകെ ശൈലജ, കെ ശൈലജ, പി ശൈലജ എന്നിവരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപരന്മാരാണ് രംഗത്തുള്ളത്. ടി പി ഷാഫി, ഷാഫി എന്നിവരാണ് പത്രിക നൽകിയ മറ്റു രണ്ടുപേർ. എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് മണ്ഡലത്തിൽ അപര ഭീഷണിയില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ വടകരയിൽ ആകെ 14 സ്ഥാനാർത്ഥികളാണുള്ളത്.
Discussion about this post