കോട്ടയം: മതത്തിന്റെ പേരില്‍ വേര്‍തിരിവുകളുണ്ടാക്കുന്ന കാലത്ത് മതസൗഹാര്‍ദത്തിന്റെ നല്ല മാതൃകയായി കോട്ടയം താഴത്തങ്ങാടിയിലെ പാറപ്പാടം ദേവീക്ഷേത്ര ഉത്സവം. 600 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിലെ മതേതര ഉത്സവമാണ് ക്ഷേത്രത്തിലേത്.
പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിക്കുന്നത് മുസ്ലിം പ്രതിനിധിയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ കാര്‍ഷിക മേഖലയായ വേളൂരിന്റെ ദേശദേവതാസ്ഥാനമാണ് പാറപ്പാടം ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ആചാരമാണ് നാട്ടിലെ മുസ്ലിം പ്രതിനിധി കൊടിയേറ്റിനും ആറാട്ടിനും ചെയ്യുന്ന ആചാര വെടി.
പ്രദേശത്തെ പുരാതനമായ പാലപ്പറമ്പില്‍ എന്ന മുസ്ലിം കുടുംബാംഗം നിറതോക്ക് ആകാശത്തേയ്ക്കുയര്‍ത്തി വെടിയുതിര്‍ക്കുന്നതോടെ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറും. തെക്കുംകൂര്‍ രാജാവിന്റെ കാലത്ത് ക്ഷേത്രം പണിത് പുനപ്രതിഷ്ഠ നടത്തിയ വേളയില്‍ ഉത്സവത്തിന് ആചാരവെടി നടത്തുവാനുള്ള അവകാശം സൈന്യത്തിലെ അംഗങ്ങളായിരുന്ന പാലപ്പറമ്പില്‍ കുടുംബത്തിന് കല്‍പ്പിച്ചു നല്‍കിയിരുന്നു.
എല്ലാ ഉത്സവത്തിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക ക്ഷണക്കത്ത് പാലപ്പറമ്പില്‍ കുടുംബത്തിലേക്ക് അയയ്ക്കും. നോമ്പുകാലത്ത് ഏറെ പ്രാര്‍ത്ഥനയോടെ ക്ഷേത്രത്തിലെത്തുന്ന പാലപ്പറമ്പില്‍ കുടുംബാംഗം കാണിക്കവഞ്ചിയില്‍ ചെറിയ തുക സമര്‍പ്പിക്കും. ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം പ്രസാദം ആദ്യം കിട്ടുന്നതും പാലപ്പറമ്പില്‍ കുടുംബാംഗത്തിനാകും.