കുറ്റിപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറ്റിപ്പുറം കെഎംസിടി ലോ കോളേജ് ക്യാംപസിലേക്ക് എത്തിയ പൊന്നാനി മണ്ഡലം എൻഡിഎ സ്ഥാനാർഥിയെ വിദ്യാർഥികൾ തടഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സംഭവമുണ്ടായത്. എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്‌മണ്യൻ നേതാക്കൾക്കൊപ്പം ലോ കോളേജിൽ എത്തിയപ്പോഴായിരുന്നു സംഭവം.
നിവേദിത കോളേജ് അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയാണ് എത്തിയത്. എന്നാൽ സംഘടിച്ചെത്തിയ എസ്എഫ്‌ഐ-എംഎസ്എഫ് പ്രവർത്തകർ സ്ഥാനാർഥിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു എന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു.
തുടർന്ന് പ്രതിഷേധം വകവെക്കാതെ മുന്നോട്ടുനീങ്ങിയപ്പോൾ വിദ്യാർഥികൾ അസഭ്യം പറഞ്ഞുവെന്നാണ് നിവേദിതയുടെ ആരോപണം. വിദ്യാർഥികൾ പ്രതിഷേധം തുടർന്നതോടെ സ്ഥാനാർഥിയും സംഘവും മടങ്ങുകയായിരുന്നു. അതേസമയം, എൻഡിഎ സ്ഥാനാർഥി കാമ്പസിൽ വന്നത് മാനേജ്‌മെന്റിന്റെ അനുമതിയോടെയാണെന്ന് പ്രിൻസിപ്പൽ സിഎസ് ഷീന അറിയിച്ചു.
എല്ലാ സ്ഥാനാർഥികൾക്കും കാമ്പസിലേക്കു വരാമെന്നും ഒരുസംഘം വിദ്യാർഥികൾ എൻഡിഎ സ്ഥാനാർഥിയോടും ഒപ്പമുണ്ടായിരുന്ന നേതാക്കളോടും അപമര്യാദയായി പെരുമാറിയ സംഭവം നിർഭാഗ്യകരമാണെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
എന്നാൽ, മറ്റു പാർട്ടികൾക്ക് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു പാർട്ടിക്കു മാത്രം നൽകിയതിനെതിരേയുള്ള ജനാധിപത്യ വിശ്വാസികളായ വിദ്യാർഥികളുടെ പ്രതിഷേധമാണുണ്ടായതെന്ന് കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് യാസിൻ പറഞ്ഞു.