മൂന്ന് വയസ്സുകാരനെ കൊണ്ട് കാറോടിപ്പിച്ചു: പിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: മൂന്ന് വയസ്സുകാരനെ കൊണ്ട് കാറോടിപ്പിച്ച പിതാവിന് പണി കിട്ടി, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഴ്ചമറക്കുന്ന രീതിയില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ കാറിന്റെ സ്റ്റിയറിങില്‍ പിടിച്ചുനിര്‍ത്തിയത് എഐ ക്യാമറയില്‍ പതിഞ്ഞതോടെയാണ് നടപടി. മൂന്നുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

മാര്‍ച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്. പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാല്‍ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട്ടിയെ ഇരുത്തി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു എന്നീ സാഹചര്യങ്ങളിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്ന് കോഴിക്കോട് ആര്‍ടിഎ പറഞ്ഞു.

മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയ്ക്ക് യാത്രയ്ക്കിടെ കുട്ടി കരഞ്ഞപ്പോള്‍ മടിയില്‍ എടുത്തുവെച്ചതാണ് എന്നായിരുന്നു മുസ്തഫയുടെ വിശദീകരണം. നാല് ലൈന്‍ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം. ഈ റോഡിലൂടെ ഒരു കുട്ടി വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട്ടി സ്റ്റിയറിങ് പിടിച്ച് വാഹനം ഓടിക്കുന്നത് മറ്റു യാത്രക്കാര്‍ക്ക് അപകടത്തിന് വഴിവെക്കും. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോവാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അയോഗ്യത കല്‍പ്പിച്ചതെന്നും ആര്‍ടിഎ വ്യക്തമാക്കി.

Exit mobile version