മഞ്ചേരി: മലപ്പുരം ജില്ലയിലെ പയ്യനാട് ചോലക്കൽ അത്താണിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ദാരുണമരണം. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുമ്പോഴായിരുന്നു റഫീഖ് ഓടിച്ചിരുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കെയറിന്റെ ആംബുലൻസുമായി മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കൂട്ടിയിടിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ റഫീഖിനെ ഉടൻ പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കരുവാരക്കുണ്ട് പുന്നക്കാടിൽ ഓട്ടോ ഡ്രൈവറായിരുന്നു റഫീഖ്. വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസിൽ ഡ്രൈവറായി ജോലിക്കുകയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് അപകടമുണ്ടായതും.
പിതാവ്: സുലൈമാൻ. മാതാവ്: സുബൈദ. ഭാര്യ: സഹ്ല. മകൾ: റിദ ഫാത്തിമ. സഹോദരങ്ങൾ: റിയാസ്, റംസീന.
Discussion about this post