മണ്ണന്തല: തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ യുവാക്കളുടെ സംഘത്തിന് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. നാലംഗസംഘം നാടൻബോംബ് നിർമിച്ചത് പോലീസിനെ ആക്രമിക്കാനാണോ എന്ന് സംശയമുണ്ടെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് നാടൻബോംബ് നിർമിക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റത്. ഇതിൽ ഒരാൾക്ക് ഇരുകൈപ്പത്തികളും സ്ഫോടനത്തിൽ നഷ്ടമായി. മറ്റുള്ളവർക്കും കൈപ്പത്തിക്കാണ് പരിക്ക്. യുവാക്കളെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), നെടുമങ്ങാട് സ്വദേശി അനിരുദ്ധ് (18), വട്ടപ്പാറ സ്വദേശി കിരൺ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതിൽ അനിരുദ്ധിനാണ് സ്ഫോടനത്തിൽ കൈപ്പത്തികൾ നഷ്ടമായത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. മണ്ണന്തല സ്റ്റേഷൻ പരിധിയിൽ മുക്കോലയ്ക്കലിൽ ഒരു പാർക്കിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് സംഭവം.
രണ്ടു ബൈക്കുകളിലായെത്തിയ യുവാക്കൾ ഒരു മരച്ചുവട്ടിലിരുന്ന് ബോംബുനിർമിക്കുകയായിരുന്നു. അധികം മനുഷ്യവാസമില്ലാത്ത സ്ഥലമായതിനാൽ തന്നെ സുരക്ഷിതമാണെന്ന് യുവാക്കളു ംകരുതി. എന്നാൽ, ബോംബ് കൈയ്യിലിരുന്ന് പൊട്ടി യുവാക്കൾ നാലുപേർക്കും പരിക്കേൽക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യം പുറത്തറിഞ്ഞില്ല. അനിരുദ്ധിന് ഇരു കൈപ്പത്തികളും നഷ്ടമായപ്പോൾ അനിജിത്ത്, അഖിലേഷ്, കിരൺ എന്നിവരുടെ കൈപ്പത്തികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
പ്രതികൾ സ്ഫോടനത്തിന് പിന്നാലെ ഓട്ടോറിക്ഷ വിളിച്ചാണ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു പോയത്. പാചകവാതകം ചോർന്ന് തീപിടിച്ച് പൊള്ളലേറ്റുവെന്നാണ് ഓട്ടോഡ്രൈവറോട് ഇവർ പറഞ്ഞത്. പിന്നീട് സ്ഫോടനശബ്ദം കേട്ട് എത്തിയവരാണ് വിവരം മണ്ണന്തല പോലീസിൽ അറിയിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിൽ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post