പാലക്കാട്:ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് ഷൊർണൂരിന് അടുത്ത് വെളപ്പായയിൽ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ ടിടിഇയും നടനുമായ കെ.വിനോദിന് അന്ത്യോപചാരം അർപ്പിച്ച് സിനിമാലോകത്തെ സുഹൃത്തുക്കൾ. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികളെന്ന് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിനോദിന് നടൻ കലാഭവൻ ഷാജോണും ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 15-ഓളം സിനിമകളുടെ ഭാഗമായി. വിനോദ് കണ്ണൻ എന്ന പേരിലാണ് ഇദ്ദേഹം സിനിമ ലോകത്ത് അറിയപ്പെടുന്നത്.
മോഹൻലാലിന്റെ മിസറ്റർ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങളിൽ വിനോദ് വേഷമിട്ടിട്ടുണ്ട്. ആദ്യ സിനിമയുടെ സംവിധായകൻ ആഷിക് അബു വിനോദിന്റെ സഹപാഠിയാണ്. ‘ഒപ്പം’ സിനിമയിൽ ഡിവൈഎസ്പിയുടെ വേഷമാണ് വിനോദ് ചെയ്തത്.
ALSO READ- മൂവരുടെയും കൈകളിൽ മുറിവ്; ദേവിയുടെ കഴുത്തിലും മുറിവ്; കൊലപാതകമോ? ആത്മഹത്യയോ?
ഹൗ ഓൾഡ് ആർ യൂ, മംഗ്ലീഷ്, വിക്രമാദിത്യൻ, കസിൻസ്, വില്ലാളിവീരൻ, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിൻ, ലവ് 24ഃ7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ടിക്കറ്റെടുക്കാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്യതിനാണ് വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി രജനികാന്ത് ട്രെയിനിൽനിന്ന് തള്ളിയിട്ടത്. ഷൊർണൂരിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്ക് വീണ വിനോദിന് ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്.
പിഴ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് ടിടിഇയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി രജനീകാന്ത് മൊഴി നൽകിയിരിക്കുന്നത്.