തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി പിന്തുണയ്ക്കാൻ തീരുമാനിച്ചതിനെ കുറിച്ച് പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. നിലവി യുഡിഎഫുമായി പിന്തുണയ്ക്കുന്നതുമായി ബന്ധിപ്പെട്ട് ചർച്ചകൾ നടത്തിയിട്ടില്ല. യുഡിഎഫ് നേതൃത്വവുമായോ ഘടകകക്ഷിനേതാക്കളുമായോ ചർച്ചനടന്നിട്ടില്ല. ഇത് എസ്ഡിപിഐ എടുത്ത രാഷ്ട്രീയനിലപാടാണെന്ന് അഷ്‌റഫ് മൗലവി വിശദീകരിച്ചു.
ആരെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അവർക്ക് വോട്ടുചെയ്യണമെന്ന് അണികളോടും ജനങ്ങളോടും അഭ്യർഥിക്കാനാണ് തീരുമാനം. ബിജെപി വിരുദ്ധ മുന്നണിക്ക് ദേശീയതലത്തിൽ നേതൃത്വംനൽകുന്നത് കോൺഗ്രസാണ്. ആ മുന്നണിയിൽ സിപിഎം അടക്കമുള്ള പാർട്ടികളുണ്ട്. മുന്നണിക്ക് നേതൃത്വംനൽകുന്നത് കോൺഗ്രസായയതുകൊണ്ടാണ് ഇവിടെ യുഡിഎഫിന് പിന്തുണയെന്നും അഷ്‌റഫ് മൗലവി വിശദീകരിച്ചു.
ഇതുവരെയുള്ള ഒരു തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് ഔദ്യോഗികമായി ഒരുപിന്തുണയും നൽകിയിട്ടില്ല. പ്രഖ്യാപിതമായ ഒരുനിലപാടും ഇടതുമുന്നണിക്ക് അനുകൂലമായി സ്വീകരിച്ചിട്ടില്ലെന്നും അഷ്‌റഫ് മൗലവി വ്യക്തമാക്കി.
കൂടാതെ എസ്ഡിപിഐ മുസ്ലിംലീഗിനെ രാഷ്ട്രീയബദലായി കാണുന്നില്ലെന്നും ദേശീയരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐയുടെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.