ചാരുംമൂട്: ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നൂറനാട് മറ്റപ്പള്ളി സുശീന്ദ്രത്തിൽ അനുജ(37)യുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് രംഗത്ത്. ഈ സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് അച്ഛൻ കെ രവീന്ദ്രൻ നൂറനാട് എസ്എച്ച്ഒയ്ക്കു പരാതി നൽകി.
കുളക്കടയിൽവെച്ച് മുഹമ്മദ് ഹാഷിം കാർ മുന്നിലിട്ടു തടഞ്ഞ് മകളെ ഭീഷണിപ്പെടുത്തി കയറ്റിക്കൊണ്ടുപോയെന്ന് രവീന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നു. അതിവേഗത്തിൽ കാറോടിച്ച് മനഃപൂർവം ലോറിയിൽ ഇടിച്ചുകയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
മാർച്ച് 25 വ്യാഴാഴ്ച രാത്രി 10.45-നാണ് അടൂർ പത്തനാപുരം റോഡിൽ പട്ടാഴിമുക്കിനുസമീപം അപകടമുണ്ടായത്. കാർ കണ്ടെയ്നർ ലോറിയിലിടിച്ച് തുമ്പമൺ വടക്ക് ഹൈസ്‌കൂൾ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (37), സ്വകാര്യബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ മുഹമ്മദ് ഹാഷിം (31) എന്നിവരാണ് മരിച്ചത്.
പത്തനാപുരം ഭാഗത്തുനിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ അന്ന് മൊഴി നൽകിയിരുന്നു. കോട്ടയത്ത് ലോഡ് ഇറക്കിയശേഷം ശിവകാശിക്ക് പോകുകയായിരുന്നു ലോറി. കാർ മനപൂർവ്വം ലോറിയിലേക്ക് ഇടിപ്പിച്ചതാണെന്ന് ആർടിഒ റിപ്പോർട്ടിൽ പറയുന്നു.
സഹപ്രവർത്തകരോടൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ വാഹനം തടഞ്ഞ് നിർത്തിയാണ് ഹാഷിം അനുജയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. ബന്ധുവാണെന്നും വീട്ടിലെത്തിക്കാമെന്നും പറഞ്ഞാണ് ഹാഷിം അനുജയെ വിളിച്ചിറക്കിയത്. ഏനാത്ത് വെച്ചായിരുന്നു സംഭവം.
ഇക്കാര്യം സഹപ്രവർത്തകർ അധ്യാപികയുടെ വീട്ടിൽ അറിയിക്കുകയും ഇങ്ങനെ ഒരു ബന്ധുവില്ലെന്ന് അവർ പറഞ്ഞതോടെ അധ്യാപകർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പരാതി എഴുതി നൽകുന്നതിനിടെയാണ് കെപി റോഡിലുണ്ടായ അപകടം അധ്യാപകരെ പോലീസ് അറിയിക്കുന്നത്.