കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കക്കയം പാലാട്ടിയിൽ അബ്രഹാമിന്റെ മക്കൾക്ക് വനംവകുപ്പിൽ താൽക്കാലിക നിയമനം. ജോബിഷ്, ജോമോൻ എന്നിവരാണ് ജോലിയിൽ പ്രവേശിച്ചത്. വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനിൽ താത്കാലിക വാച്ചർമാരായാണ് നിയമനം.
കൃഷിയിടത്തിൽവെച്ച് മാർച്ച് അഞ്ചിനാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ വലിയപ്രതിഷേധങ്ങൾ നടക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ധനസഹായം ഉൾപ്പടെ വേണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു.
തുടർന്ന് കക്കയത്തെ അബ്രഹാമിന്റെ വീടുസന്ദർശിച്ച വനംമന്ത്രി എകെ ശശീന്ദ്രൻ കുടുംബത്തിന് സമ്മതമാണെങ്കിൽ രണ്ട് ആൺമക്കൾക്കും ഏപ്രിൽ ഒന്നുമുതൽ താത്കാലികമായി ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിച്ചിരുന്നു.
അതേസമയം, മക്കളിൽ ഒരാൾക്കെങ്കിലും സ്ഥിരംജോലി നൽകണമെന്ന് കുടുംബവും കർഷകസംഘടനകളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിച്ചിട്ടില്ല. നേരത്തെ കുടുംബത്തിന് ആശ്വാസസഹായധനമായി 10 ലക്ഷംരൂപ കൈമാറിയിരുന്നു.