തിരുവനന്തപുരം: പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ 10 ലക്ഷം നഷ്ടപരിഹാരത്തുക കൈമാറുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജു (58) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് സംഭവത്തില്‍ പതിഷേധിച്ച് തുലാപ്പള്ളിയില്‍ നാട്ടുകാര്‍ സംഘടിച്ചു.
ബിജുവിനെ കൊലപ്പെടുത്തിയ കാട്ടാനയെ വെടിവച്ചുകൊല്ലാന്‍ ശുപാര്‍ശ നല്‍കും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കാനും ഡപ്യൂട്ടി റേഞ്ചര്‍ കമലാസനന് നിര്‍ബന്ധിത അവധി നല്‍കാനും തീരുമാനമായി. കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തില്‍ കണമലയിലെ പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
ഇന്നലെ രാത്രിയാണ് പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണമുണ്ടായത്. കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ബിജു കൊല്ലപ്പെട്ടത്. കാട്ടാന ശല്യം കാരണം പലരും വീടൊഴിഞ്ഞ് പോവുകയാണെന്ന് ബിജുവിന്റെ ഭാര്യ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ്, പ്രമോദ് നാരായണന്‍ എംഎല്‍എ തുടങ്ങിയവര്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ചു. രാത്രി ഒന്നരയ്ക്കാണ് ബിജു കൊല്ലപ്പെട്ടത്. അടുത്ത വീട്ടിലെ തെങ്ങ് കുത്തികുത്തി മറിക്കുന്ന ശബ്ദം കേട്ടാണ് ബിജുവും ഭാര്യയും ഇറങ്ങിച്ചെന്നത്. വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരിഞ്ഞുനിന്ന് ആന ബിജുവിനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.