പൊന്‍കുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ മാതാവ് 18 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ കുഞ്ഞുമോളെന്ന് വിളിക്കുന്ന ഓമന (57) യാണ് പൊന്‍കുന്നം പോലീസ് പിടിയിലായത്.
2004ലാണ് കേസിനാസ്പദമായ സംഭവം. ഓമന തന്റെ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. അന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട്, കോടതിയില്‍ നിന്നും ജാമ്യത്തില്‍ ലഭിച്ച ശേഷം ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.
18 വര്‍ഷമായി തമിഴ്നാട്, തിരുപ്പതി എന്നീ സ്ഥലങ്ങളില്‍ കഴിഞ്ഞുവരികയായിരുന്നു. വിവിധ കേസുകളില്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പൊന്‍കുന്നം സ്റ്റേഷന്‍ എസ്എച്ച്ഒ ദിലീഷ് ടി, എസ്‌ഐ മാരായ മാഹിന്‍ സലിം, ദിലീപ് കുമാര്‍, സി.പി.ഓമാരായ പ്രിയ എംജി , കിരണ്‍ കര്‍ത്ത എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Discussion about this post