അടൂർ: അടൂർ കെപി റോഡിൽ കാർ അമിതവേഗതയിൽ കണ്ടെയ്നർ ലോറിയിലിടിച്ചുണ്ടായ അകടത്തിൽ അധ്യാപികയും യുവാവും മരിച്ച സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്ന് ആർടിഒ എൻഫോഴ്മെന്റ്. അമിതവേഗത്തിലെത്തിയ കാർ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് ആർടിഒ എൻഫോഴ്മെന്റിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്.
വാഹനം ഓടിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ലോറിയുടെ മുൻഭാഗത്ത് നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ഗാർഡ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. പോലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനങ്ങൾ ശരിവെക്കുന്നതാണ് വാഹനങ്ങൾ പരിശോധിച്ചശേഷമുള്ള ആർടിഒ എൻഫോഴ്മെന്റ് റിപ്പോർട്ടും.
വ്യാഴാഴ്ച രാത്രി 10.45-നാണ് അടൂർ – പത്തനാപുരം റോഡിൽ പട്ടാഴിമുക്കിനുസമീപം അപകടമുണ്ടായത്. കാർ കണ്ടെയ്നർ ലോറിയിലിടിച്ച് തുമ്പമൺ വടക്ക് ഹൈസ്കൂൾ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (37), സ്വകാര്യബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ മുഹമ്മദ് ഹാഷിം (31) എന്നിവരാണ് മരിച്ചത്.
പത്തനാപുരം ഭാഗത്തുനിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ അന്ന് മൊഴി നൽകിയിരുന്നു. കോട്ടയത്ത് ലോഡ് ഇറക്കിയശേഷം ശിവകാശിക്ക് പോകുകയായിരുന്നു ലോറി.
സഹപ്രവർത്തകരോടൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ വാഹനം തടഞ്ഞ് നിർത്തിയാണ് ഹാഷിം അനുജയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. ബന്ധുവാണെന്നും വീട്ടിലെത്തിക്കാമെന്നും പറഞ്ഞാണ് ഹാഷിം അനുജയെ വിളിച്ചിറക്കിയത്. ഏനാത്ത് വെച്ചായിരുന്നു സംഭവം.
ഇക്കാര്യം സഹപ്രവർത്തകർ അധ്യാപികയുടെ വീട്ടിൽ അറിയിക്കുകയും ഇങ്ങനെ ഒരു ബന്ധുവില്ലെന്ന് അവർ പറഞ്ഞതോടെ അധ്യാപകർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പരാതി എഴുതി നൽകുന്നതിനിടെയാണ് കെപി റോഡിലുണ്ടായ അപകടം അധ്യാപകരെ പോലീസ് അറിയിക്കുന്നത്.
Discussion about this post