ഇന്ന് ഈസ്റ്റര്‍; പ്രത്യാശയുടെ സന്ദേശവുമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷം. ലോകത്തിന് വേണ്ടി യേശു ക്രിസ്തു കുരിശില്‍ മരിച്ച് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ആരാധനലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചു. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍.

അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നുമുളള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു. കോതമംഗലം രൂപതയ്ക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുലര്‍ച്ചെ 3 ന് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ALSO READ ബാലരാമപുരത്ത് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, സ്വര്‍ണവും പണവും മോഷണം പോയി, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടത്തി.

Exit mobile version