കാസർകോട്: കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ടു. ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, അഖിലേഷ് എന്നിവരെയാണ് വെറുതെവിട്ടുകൊണ്ട് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടത്.
കേസില പ്രതികളെ വെറുതെവിട്ടു എന്ന ഒറ്റവരിയിലാണ് കോടതി ശനിയാഴ്ച വിധിപറഞ്ഞത്. എന്നാൽ, ഈ സെഷൻസ് കോടതിയുടെ വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കൾ പ്രതികരിച്ചു.
ചൂരി മദ്രസയിലെ അധ്യാപകനും കർണാടക കുടക് സ്വദേശിയുമായി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 മാർച്ച് 21-ന് പുലർച്ചെയായിരുന്നു സംഭവം. കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികൾ.
ഇത്രനാളും ജാമ്യം ലഭിക്കാതിരുന്ന പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയിൽ വിസ്തരിച്ചിരുന്നു. രണ്ടുമാസം മുൻപ് കേസിന്റെ വിചാരണ പൂർത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.