പത്തനംതിട്ട: കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. അടൂർ പട്ടാഴിമുക്കിൽ ഉണ്ടായ അപകടത്തിന് പിന്നാലെ തന്നെ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
അപകടത്തിൽ മരിച്ച അനുജയും സുഹൃത്ത് ഹാഷിമും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായതാണ് മനഃപൂർവം അപകടമുണ്ടാക്കിയതിനു പിന്നിലെന്നാണ് പോലീസ് നിഗമനം. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ തുമ്പമൺ നോർത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിം(31) എന്നിവർ മരിച്ചിരുന്നു.
അധ്യാപികയായ അനുജയും സ്വകാര്യബസ് ഡ്രൈവറായ ഹാഷിമും ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇരുവരും യാത്രയ്ക്കിടെയാണ് പരിചയത്തിലായത്. ഹാഷിമിന്റെ സുഹൃത്തുക്കൾക്കിടയിലും അനുജ പരിചിതയാണ്.
അതേസമയം, ഹാഷിം അനുജയെ നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി ലോറിയിലേക്ക് ഇടിപ്പിച്ച് മരണം പ്ലാൻ ചെയ്തതിന് പിന്നിലെ കാരണം വ്യാഴാഴ്ചയോ അല്ലെങ്കിൽ അതിനോട് അടുത്ത ദിവസങ്ങളിലോ ഉണ്ടായ എന്തെങ്കിലും സംഭവമായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്.
ഈ സംഭവത്തെ തുടർന്നാകാം അനുജയെ വകവരുത്തി സ്വയം ഇല്ലാതാകാൻ ഹാഷിം തീരുമാനിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അപകടത്തിൽ ഹാഷിമിന്റെ മൊബൈൽ ഫോൺ പൂർണമായും തകർന്നനിലയിലാണ്. എന്നാൽ അനുജയുടെ ഫോൺ വലിയകേടുപാടില്ലാതെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടി സൈബർ സെൽ അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും അന്വേഷണ പരിധിയിൽ വരും.
ദൃക്‌സാക്ഷിയുടെ മൊഴി അനുസരിച്ച് അപകടത്തിന് തൊട്ടുമുൻപ് കാർ യാത്രയ്ക്കിടെ ഇരുവരും തമ്മിൽ പിടിവലികൾ നടന്നിട്ടുണ്ടാകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അപകടത്തിൽ ലോറി ഡ്രൈവർക്ക് കാര്യമായ പങ്കില്ല എന്ന് വ്യക്തമായ സാഹചര്യത്തിൽ ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരിക്കും തുടർനടപടികൾ. രാജസ്ഥാൻ സ്വദേശി ലോറി ഡ്രൈവറെ പ്രതിയാക്കിക്കൊണ്ടാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.