കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ വ്യാപനത്തിനിടെ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ കുടുംബത്തെ കാണാനെത്തി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ലിനിയുടെ മക്കളെ ഓമനിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യുന്ന കെകെ ശൈലജയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലും വൈറലാണ്.
വടകരയിൽ ലിനിയുടെ ഭർത്താവ് സജീഷ് താമസിക്കുന്ന വീട്ടിലെത്തിയ ടീച്ചർ, മക്കളോടും സജീഷിനോടും സുഖവിവരം തേടുകയായിരുന്നു. ഇതിനുശേഷമാണ് തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്.
വടകര നിയോജക മണ്ഡലത്തിലെ പൊതു പര്യടനം തുടങ്ങുന്നതിന് മുമ്പായി രാവിലെ തന്നെ കെ കെ ശൈലജ ടീച്ചർ നിപ രോഗബാധയേറ്റ് മരിച്ച ലിനിയുടെ മക്കളെ കാണാനെത്തുകയായിരുന്നു. ലിനിയുടെ ഭർത്താവ് സജീഷിനൊപ്പമാണ് മക്കളായ റിതുലും സിദ്ധാർത്ഥും താമസിക്കുന്നത്.
2018 ൽ നിപ ഭയപ്പെടുത്തിയ നാളുകളിൽ ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറുടെ സാന്നിധ്യം കുടുംബത്തിന് താങ്ങായി മാറിയെന്ന് സജീഷ് ഓർത്തെടുത്തു. 2018 മെയ് 21 നാണ് നഴ്സ് ലിനി നിപ ബാധയെ തുടർന്ന് മരിക്കുന്നത്. മലയാളിയെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു അത്. അന്നുതൊട്ട് ലിനിയുടെ കുടുംബത്തിന് ആശ്വാസമേകാനായി എന്നും കെകെ ശൈലജ ടീച്ചർ ശ്രമിച്ചിരുന്നു. എപ്പോഴും കെകെ ശൈലജ ടീച്ചർ വിളിക്കാറുണ്ടെന്ന് കുട്ടികളും പറഞ്ഞു.
സജീഷും കുട്ടികളുമായി അല്പനേരം ചെലവഴിച്ച ശേഷമാണ് ശൈലജ ടീച്ചർ മടങ്ങിയത്. സജീഷിന്റെ ഭാര്യ പ്രതിഭയും ബന്ധുക്കളും ചേർന്ന് ശൈലജ ടീച്ചറെ യാത്രയാക്കി. ഇനിയും വരാമെന്ന് പറഞ്ഞാണ് ശൈലജ ടീച്ചർ മടങ്ങിയത്.