കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളില്‍ എത്തിയത്. ആരാധകലോകം ചിത്രത്തിനെ ഏറ്റെടുത്തുകഴിഞ്ഞെന്നാണ് ബോക്‌സോഫീസ് പ്രതികരണങ്ങള്‍ പറയുന്നത്. മലയാളത്തില്‍ നിന്നും ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബെസ്ലി സിനിമയാക്കിയിരിക്കുന്നത്.
അതേസമയം, തന്റെ ജീവിതം സ്‌ക്രീനില്‍ എത്തുന്നത് കാണാന്‍ യഥാര്‍ഥ നജീബും എത്തിയിരുന്നു. എറണാകുളത്തെ തിയ്യേറ്ററിലെത്തയാണ് നജീബ് തന്റെ ജീവിതകഥ കണ്‍നിറയെ കണ്ടത്. കൊച്ചിയിലെ വനിതാ-വിനിതാ തിയറ്ററില്‍ എത്തിയാണ് നജീബ് ചിത്രം കണ്ടത്. പൃഥ്വിരാജ് അതിഗംഭീരമായാണ്അഭിനയിച്ചിരിക്കുന്നതെന്നും ചിത്രം കണ്ടിട്ട് തന്റെ കണ്ണുനിറഞ്ഞുപോയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നജീബ്.
”ഞാനനുഭവിച്ച അതേ രീതിയില്‍ തന്നെയാണ് പൃഥ്വിരാജ് സര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. എന്റെ ജീവിതം തിയറ്ററുകളില്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ലോകം മുഴുവന്‍ എന്നെ അറിയും. ഞാന്‍ അനുഭവിച്ച ദുരിതങ്ങള്‍ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാന്‍ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്നുണ്ടായിരുന്നു. പിന്നീട് കാണാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഞങ്ങള്‍ക്കും ഞങ്ങളുടെ നാട്ടുകാര്‍ക്കും അതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നു തന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. പിന്നെ എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്റെ മോന്റെ കുഞ്ഞ് അടുത്തിടെയാണ് മരണപ്പെട്ടത്. ഇപ്പോ അവരുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ വന്നതാണ്. ഇല്ലെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. ഞാന്‍ മാത്രമേ വന്നിട്ടുള്ളു, വീട്ടില്‍ നിന്നും വേറെ ആരും വന്നിട്ടില്ല. ഈ പടം വിജയിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. എല്ലാവരും പോയി കാണണം.”എന്നും നജീബ് പറഞ്ഞു. ബ്ലെസിയുടെയും ബെന്യാമിന്റെയും വാക്കുകള്‍ സ്വീകരിച്ചാണ് നജീബ് ചിത്രം കാണാനെത്തിയത്.
Discussion about this post