കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയ്യേറ്ററില്‍ എത്തിയിരിക്കുകയാണ്. താരലോകവും ആരാധകലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. വലിയ ആശംസയാണ് ആടുജീവിതത്തിന് താരലോകത്തുനിന്നും ലഭിച്ചത്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നും പൃഥ്വിയെ അഭിനന്ദിച്ചുമുള്ള സുപ്രിയ മേനോന്റെ വൈകാരിക കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
ആടുജീവിതത്തിനൊപ്പമുള്ള പൃഥ്വിരാജിന്റെ 16 വര്‍ഷങ്ങളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹം കടന്നു പോയ അതികഠിനമായ സാഹചര്യങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്നും സുപ്രിയ കുറിച്ചു. നിരവധി സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം തയ്യാറെടുക്കുന്നത് താന്‍ കണ്ടിട്ടുണ്ട് എന്നാല്‍ മരുഭൂമിയില്‍ നരകജീവിതത്തിലൂടെ കടന്നു പോയ നജീബിനെ വെള്ളിത്തിരയിലെത്തിക്കാന്‍ അദ്ദേഹം അതികഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയി. തന്റെ കണ്ണില്‍ എന്നും പൃഥ്വിയാണ് ‘ഗോട്ട്’ (ഗ്രേറ്റ് ഓഫ് ഓള്‍ ടൈം) എന്നും സുപ്രിയ പറഞ്ഞു. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ മകള്‍ അലംകൃതയ്ക്കും സുപ്രിയയ്ക്കുമൊപ്പം പൃഥ്വിരാജ് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ കുറിപ്പ്.
സുപ്രിയയുടെ കുറിപ്പ്
‘നാളെ അവസാനിക്കാന്‍ പോകുന്ന പതിനാറ് വര്‍ഷത്തെ യാത്രയെ നിങ്ങള്‍ എങ്ങനെയാണ് വിശേഷിപ്പിക്കുക? 2006 നവംബര്‍ മുതല്‍ പൃഥ്വിയെ എനിക്കറിയാം. 2011 മുതല്‍ അദ്ദേഹത്തെ വിവാഹം കഴിച്ച് ഒപ്പമുണ്ട്. ഇതിനിടയില്‍ നിരവധി സിനിമകളിലൂടെ അദ്ദേഹം യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനു മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്, നിങ്ങള്‍ നിരന്തരം വിശന്നിരിക്കുന്നതിനും നിങ്ങളുടെ ഭാരം കുറയുന്നതിനും ഞാന്‍ സാക്ഷിയാണ്.
നിങ്ങള്‍ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോള്‍ നമ്മള്‍ വേര്‍പിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപില്‍ വിലയേറിയ നിമിഷങ്ങളില്‍ നമ്മള്‍ നെറ്റ് കോളിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളില്‍ ലഭിക്കേണ്ടിയിരുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ ഉപേക്ഷിച്ചു. ഈ സിനിമയില്‍ മാത്രം നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിങ്ങള്‍ കലയില്‍ മാത്രം ശ്രദ്ധിച്ചു. കലയ്ക്കും നിങ്ങള്‍ക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത യാത്രയാണിത്.
മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു. നാളെ (മാര്‍ച്ച് 28) നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്‌നേഹിച്ച് ഒപ്പം നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹവും ആശംസയും നേരുന്നു. നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട് (G.O.A.T) ആണ്.’