ജീവിതം മടുത്തെന്ന് മാത്രം ആത്മഹത്യാക്കുറിപ്പിൽ; പരാതിയില്ലെന്ന് കുടുംബം; യുവഡോക്ടർ അഭിരാമിയുടെ മരണത്തിന് പിന്നിലെ കാരണം തേടി പോലീസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് പോകുന്നുവെന്നും മാത്രം എഴുതിവെച്ചാണ് അഭിരാമി ജീവനൊടുക്കിയത്. താമസസ്ഥലത്തുനിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മറ്റ് വിവരങ്ങളൊന്നുമില്ലെങ്കിലും ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ പോലീസ് അന്വേഷിച്ചുതുടങ്ങിയിരിക്കുകയാണ്.

വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തില്‍ മുന്‍ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ് അഭിരാമി.അഭിരാമിയുടെ രക്ഷിതാക്കളോ ബന്ധുക്കളോ ഇതുവരെ സംശയമോ ആരോപണമോ ഉന്നയിച്ചിട്ടില്ല. വിഷയത്തിൽ പോലീസിന് പരാതിയും നൽകിയിട്ടില്ല. ബന്ധുക്കളോടു സംസാരിച്ചെന്നും അവരാരും പരാതികളോ സംശയങ്ങളോ പറഞ്ഞിട്ടില്ലെന്നും കേസന്വേഷിക്കുന്ന മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.

അഭിരാമിക്ക് ജോലി സ്ഥലത്തോ കുടുംബത്തിലോ പ്രശ്നങ്ങളൊന്നുമുള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. എങ്കിലും യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം അറിയണമെന്നും മറ്റു പരാതികളൊന്നുമില്ലെന്നും അഭിരാമിയുടെ ബന്ധു പ്രതികരിച്ചു. അഭിരാമിയുടെ സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു.

നാലു മാസം മുൻപായിരുന്നു കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷുമായി അഭിരാമിയുടെ വിവാഹം നടന്നത്. മരണം സംഭവിച്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് അഭിരാമി അച്ഛനുമായി സംസാരിച്ചിരുന്നു. വൈകീട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്കു പോകുമെന്നാണ് അറിയിച്ചിരുന്നത്.

ALSO READ- സംഘടനകളിൽ ചേരാൻ പലർക്കും വൈമുഖ്യം; കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്കും സംഘടനകൾക്കും വലിയ മതിപ്പാണ്: മോഹൻലാൽ

ചൊവ്വാഴ്ച രാവിലെ അഭിരാമി, ഭർത്താവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ വൈകീട്ട് ഭർത്താവ് വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് അഭിരാമിയുടെ അമ്മയെ വിവരമറിയിക്കുകയും തുടർന്ന് അമ്മ ഫോണിൽ വിളിച്ച് വീട്ടുടമയെ അറിയിക്കുകയായിരുന്നു.


വീട്ടുടമ വാതിലിൽ മുട്ടിവിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ ജനൽച്ചില്ലുകൾ തകർത്ത് നോക്കിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന നിലയിൽ അഭിരാമിയെ കണ്ടെത്തിയത്. വാതിൽ പൊളിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംബവിച്ചിരുന്നു. മൂന്നു വർഷമായി മെഡിക്കൽ കോളേജിനു സമീപത്തെ വീട്ടിലാണ് അഭിരാമി താമസിക്കുന്നത്. മൃതദേഹം വെള്ളനാട്ടെ വീട്ടിലെത്തിച്ച് ബുധനാഴ്ച വൈകീട്ടോടെ സംസ്‌കാര ചടങ്ങുകൾ നടത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.ടോൾഫ്രീ നമ്പർ 1056, 04712552056)

Exit mobile version