കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനെ റെയില്‍വെ ട്രാക്കിലും പെണ്മക്കളെ വീട്ടിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
സ്ഥലത്ത് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്റെ മരണ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാന്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
സമീപത്തുള്ള സുമേഷിന്റെ അനുജന്റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ച ശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പത്താംതരം വിദ്യാര്‍ത്ഥിനിയായിരുന്നു ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ത്ഥിനിയുമാണ്.
Discussion about this post