ആലപ്പുഴ: മണലാരണ്യം തനിക്ക് സമ്മാനിച്ച മറക്കാത്ത മുറിപ്പാടുകളുടെ ഓര്‍മ്മയായി ആടുജീവിതം ഇന്ന് തിയ്യേറ്ററിലെത്തുമ്പോള്‍ ആ കാഴ്ച കാണാന്‍ കാത്തിരുന്ന യഥാര്‍ഥ നജീബ്, ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബ് ഉള്ളുരുകും വേദനയിലാണ്. വീട്ടുമുറ്റത്ത് കളിചിരികളുമായി ഓടി നടന്ന തന്റെ പേരക്കുട്ടിയുടെ അകാല വിയോഗം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് കുടുംബത്തിനെ.
മരുഭൂമിയില്‍ താന്‍ കരഞ്ഞുതീര്‍ത്തതും നോവലിലൂടെ വായനക്കാരെ കരയിച്ചതുമായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം കാണാന്‍ ആരാധകരെ പോലെ നജീബും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സിനിമ 28-നു പുറത്തിറങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ സന്തോഷത്തിലായിരുന്നു.
അതിനിടെയാണ് ശനിയാഴ്ച വൈകീട്ട് മകന്റെ മകള്‍ ഒന്നര വയസ്സുകാരി സഫാമറിയം വിടവാങ്ങിയത്. ശ്വാസംമുട്ടലിനെ തുടര്‍ന്നായിരുന്നു മരണം. കുടുംബനാഥന്റെ പ്രവാസ ജീവിതത്തിലെ ദുരിതപര്‍വം തിയേറ്ററില്‍പ്പോയി കാണാന്‍ നജീബിന്റെ കുടുംബവും തയ്യാറെടുത്തിരുന്നു. എന്നാല്‍, സഫയുടെ വേര്‍പാടോടെ വീട്ടിലെ ആഹ്ളാദവും നിലച്ചു.
നജീബിന്റെ മകന് ഒമാനില്‍ ജോലിചെയ്യുന്ന സഫീര്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ബാപ്പയുടെ ജീവിതസിനിമ കാണാന്‍ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ബുക്കു ചെയ്തിരുന്നു. കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് നേരത്തേ നാട്ടിലെത്തി. സംവിധായകന് ബ്ലെസ്സിയുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി, വ്യാഴാഴ്ച എറണാകുളത്തെ തിയേറ്ററിലെത്താമെന്നു നജീബ് സമ്മതിച്ചിട്ടുണ്ട്.
ഷുക്കൂര്‍ എന്നു വിളിപ്പേരുള്ള നജീബ്, പ്രവാസ ലോകത്തോടു വിടപറഞ്ഞത് ജീവിതപ്രാരബ്ധങ്ങള്‍ തീര്ന്നിട്ടല്ല. സൗദി അറേബ്യയില്‍ രണ്ടു വര്‍ഷത്തിലേറെ അനുഭവിച്ച ‘ആടുജീവിതം’ ഇന്നും മനസ്സിന്റെ വിങ്ങലാണെന്ന് നജീബ് പറയുന്നു.
പ്രവാസജീവിതത്തിലെ രണ്ടാംഘട്ടത്തില്‍ ബഹ്റൈനിലെ രണ്ട് പതിറ്റാണ്ടുകാലത്തെ അധ്വാനഫലമായാണ് ജീവിതം കരുപ്പിടിപ്പിച്ചതെന്ന് നജീബ് പറഞ്ഞിട്ടുണ്ട്. ആറാട്ടുപുഴ കടപ്പുറത്ത് പൊങ്ങുവള്ളമെത്തുമ്പോള് വലയഴിച്ചു മീന്വില്ക്കുന്ന ജോലിയാണ് നജീബിനിപ്പോള്‍. മകള്‍ സഫീനയെ വിവാഹം ചെയ്തയച്ചു. സങ്കടത്തിലും സന്തോഷത്തിലും കൂട്ടായി ഭാര്യ സഫിയത്തും ഒപ്പമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളിലെല്ലാം നജീബ് സജീവമായിരുന്നു.
Discussion about this post