കോട്ടയം: ചുട്ടുപൊള്ളുന്ന വേനൽ ചൂടിന്റെ പൊള്ളുന്ന 36 ഡിഗ്രി താപനിലയ്ക്ക് മേലാണ് കോട്ടയത്തെ പ്രചരണച്ചൂട്. ഇടതു-വലതു മുന്നണികളിലെ കേരള കോൺഗ്രസുകളും എൻഡിഎ കൺവീനറും നേർക്കുനേർ ഏറ്റുമുട്ടുന്ന കോട്ടയത്ത് ഇത്തവണ പോരിന് വീര്യം കൂടും.
കഴിഞ്ഞ 5 വർഷത്തെ മണ്ഡല വികസനത്തിൽ ശശി തരൂരും എൻകെ പ്രേമചന്ദ്രനും ഉൾപ്പെടെയുള്ള താരശോഭയുള്ള എംപിമാരേപ്പോലും പിന്നിലാക്കി എല്ലാ കാര്യങ്ങളിലും ഒന്നാമനായ സിറ്റിംങ്ങ് എംപി തോമസ് ചാഴികാടനാണ് ഇടതുപക്ഷ സ്ഥാനാർഥി.
എംപി ഫണ്ട് വിനിയോഗത്തിൽ മാത്രമല്ല, ഏറ്റവും കൂടുതൽ കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള റോഡുകളുടെ വികസനത്തിലും റെയിൽവേ വികസനത്തിലും ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണത്തിലും വരെ കേരളത്തിലെ 20 എംപിമാരിൽ ഒന്നാമനാണ് ചാഴികാടൻ.
അതിനും അപ്പുറമാണ് നടപ്പിലാക്കിയ വികസന പദ്ധതികളുടെ എണ്ണത്തിലും മുമ്പിൽ ചാഴികാടനാണ് എന്നത്. 5 വർഷം കൊണ്ട് 284 പദ്ധതികളാണ് തോമസ് ചാഴികാടൻ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. സംസ്ഥാന ശരാശരിയിൽ മറ്റ് എംപിമാരേക്കാൾ ഇരട്ടിയോളം മുകളിലാണിത്.
ചാഴികാടനെതിരെ യുഡിഎഫ് അണിനിരത്തുന്ന എതിരാളി മുമ്പ് 10 വർഷം ഇടുക്കി എംപിയായിരുന്ന കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജാണ്. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ കൂടിയാണ് അദ്ദേഹം. 1994 മുതൽ 2004 വരെ ഇടുക്കി എംപിയായിരുന്നു ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ അന്തരിച്ച കെഎം ജോർജിൻറെ മകൻ. രണ്ടു കേരള കോൺഗ്രസുകൾ തമ്മിലാണ് പോരാട്ടം എന്നതിനാൽ ആരോപണ പ്രത്യാരോപണങ്ങൾക്കും പഞ്ഞമില്ല.
കഴിഞ്ഞ തവണ യുഡിഎഫിൽ മൽസരിച്ച് വിജയിച്ച ചാഴികാടൻ ഇത്തവണ ഇടതുക്ഷ സ്ഥാനാർഥിയായി മൽസരിക്കുന്നതാണ് യുഡിഎഫിൻറെ പ്രധാന ആരോപണം. അത് യുഡിഎഫ് തങ്ങളെ പുറത്താക്കിയതുകൊണ്ടാണെന്ന് തെളിയിക്കാൻ അന്നത്തെ യുഡിഎഫ് കൺവീനറുടെയും ചെയർമാൻറെയും പത്രസമ്മേളനങ്ങളുടെ വീഡിയോ പുറത്തിറക്കിയാണ് ചാഴികാടൻറെ മറുപടി.
മാത്രമല്ല, 2009 -നു ശേഷം 12 വർഷത്തിനിടയിൽ 4 തവണ മുന്നണിയും 4 തവണ പാർട്ടിയും മാറിയ ഫ്രാൻസിസ് ജോർജ് ഇനി വിജയിച്ചാൽ തന്നെ ബിജെപിയിൽ പോകില്ല എന്നതിന് എന്താണ് ഉറപ്പെന്നാണ് ഇടതുപക്ഷത്തിൻറെ മറുചോദ്യം. 2009 വരെ ഇടതുപക്ഷത്തായിരുന്ന ഫ്രാൻസിസ് ജോർജ് അതേ വർഷം തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുന്നണിയും പാർട്ടിയും മാറി യുഡിഎഫിലെത്തുകയും വീണ്ടും 2016 -ൽ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിട്ട് ഇടതുപക്ഷത്തെത്തി സ്വന്തം പാർട്ടി രൂപീകരിക്കുകയും വീണ്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പായി പാർട്ടി മാറി യുഡിഎഫിലെത്തുകയും ചെയ്തത് പ്രചരണ രംഗത്ത് ആയുധമാക്കാനാണ് ഇടതുപക്ഷ നീക്കം. 12 വർഷ കാലയളവിൽ 4 തവണ മുന്നണിയും 4 തവണ പാർട്ടിയും മാറിയ നേതാക്കൾ വേറെ ഇല്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.
അത് കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരെങ്കിൽ ഇടയ്ക്ക് കയറിയിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്ഥാന കൺവീനറായ തുഷാർ വെള്ളാപ്പള്ളിയാണ്. എൻഡിഎ സഖ്യത്തിൻറെ കരുത്ത് കോട്ടയത്ത് തെളിയിക്കാനുള്ള വാശിയിലാണ് തുഷാർ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന പിസി തോമസ് പിടിച്ച 1.70 ലക്ഷം വോട്ടുകൾക്ക് മുകളിലാകണം തുഷാറിൻറെ വോട്ട് വിഹിതം എന്നതാണ് എൻഡിഎയുടെ ടാർജറ്റ്. ബിഡിജെഎസ് അധ്യക്ഷൻ മണ്ഡലത്തിൽ മൽസരിക്കാനെത്തുമ്പോൾ ബിജെപി വോട്ടുകളിൽ ചോർച്ച ഉണ്ടാകാതെ നോക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമാണ്. അങ്ങനെ വന്നാൽ ബിഡിജെഎസ് സ്ഥാനാർഥിയെ ബിജെപി കാലുവാരി എന്ന ആരോപണം ഉയരും. അത് എൻഡിഎ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. എൻഡിഎയിലെ സമുദായ സമവാക്യങ്ങളുടെ ബലാബല പരീക്ഷണങ്ങളിൽ തുഷാറിന് കോട്ടം തട്ടാതെ സംരക്ഷിക്കാനുള്ള ബാധ്യത ബിജെപിക്ക് ഏറ്റെടുക്കേണ്ടതായി വരും. മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്ഥാനാർത്ഥിയുമാണ് തുഷാർ.