കൽപ്പറ്റ: വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തോടെ വിവാദത്തിലായ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയായി ഡോ. കെ. എസ് അനിൽ. നിലവിൽ മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് വിസിയായിരുന്ന ഡോ. പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് കെഎസ് അനിലിന്റെ നിയമനം.
ജെഎസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ വിസി പിൻവലിച്ചതോടെയാണ് ഗവർണർ അതൃപ്തി പ്രകടിപ്പിച്ചതും ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ചതും.
സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വിസി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ, പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ രേഖകൾ കൈമാറി.
ALSO READ- ‘അവര്‍ ചെയ്തത് തെറ്റാണ്’: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചതില്‍ ഫഹദ് ഫാസില്‍
സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകൾ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് സമർപ്പിക്കുകയായിരുന്നു. പെർഫോമ, എഫ്ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവ കൈമാറിയിട്ടുണ്ട്.