അങ്കമാലി: ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. അങ്കമാലി എളവൂർ പുളിയനം കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ കെആർ ബാബുരാജിനെയാണ് (49) മരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിൽനിന്ന് 100 മീറ്റർ ദൂരെ പാടത്തേക്ക് ചാഞ്ഞ് നിൽക്കുന്ന പറമ്പിലെ മരക്കൊമ്പിലാണ് ബാബുരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അങ്കമാലി പോലീസെത്തി മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ആലുവ സൈബർ സെല്ലിൽ വർഷങ്ങളായി ജോലി ചെയ്ത് വരികയായിരുന്ന ബാബുരാജ് ഗ്രേഡ് എസ്‌ഐ ആയതോടെയാണ് ആലുവ വെസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലംമാറി പോയത്.
15 ദിവസം മുമ്പാണ് വെസ്റ്റ് സ്റ്റേഷനിൽ ചാർജെടുത്തത്. തുടർന്ന് ഓഫീസ് ഡ്യൂട്ടിയിൽ നിന്ന് മാറി നൈറ്റ് ഡ്യൂട്ടിയും ഫീൽഡ് വർക്കും വന്നതോടെ ബാബുരാജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് സുഹൃത്തുക്കളും പറയുന്നു. ജോലിയുടെ സ്വഭാവം മാറിയതിലെ നിരാശയാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബാബുരാജ് തിങ്കളാഴ്ച രാത്രി എളവൂർ പുത്തൻകാവ് ക്ഷേത്രോത്സവ ആഘോഷത്തിലും ഗാനമേളയിലും പങ്കെടുത്തിരുന്നു. പിന്നീട് ഭക്ഷണം വാങ്ങി വീട്ടിലേക്ക് വന്ന ബാബുരാജ് ഭാര്യക്കും മക്കൾക്കും ഒപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലുവ വെസ്റ്റ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ: പത്മിനി. ഭാര്യ: ജയന്തി. മക്കൾ: സിദ്ധാർത്ഥ്, ശ്രീരാഗ്.
Discussion about this post