കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിലെ എകെജെഎം സ്‌കൂളിലെ നിന്ന് ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം. ഒന്നാംക്ലാസ് വിദ്യാർഥിയെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയെന്നാണ് ചൈൽഡ് ലൈനിലേക്ക് വന്ന കോളിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനുമായിട്ടില്ല. സംഭവത്തിൽ പോലീസിന്റെ പരിശോധനയടക്കം തുടരുകയാണ്.
‘കെ.എൽ. 05’-ൽ തുടങ്ങുന്ന രജിസ്ട്രേഷൻ നമ്പറുള്ള വെളുത്ത കാറിലെത്തിയവർ ഒന്നാംക്ലാസ് വിദ്യാർഥിയെ സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയി എന്നാണ് ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ ചൈൽഡ് ലൈനിൽ അജ്ഞാതസന്ദേശം ലഭിച്ചത്.
ഇതോടെ ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സംഘം സ്‌കൂളിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത്തരമൊരു സംഭവം നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല. സ്‌കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർഥികൾക്ക് മാത്രമാണ് ഇന്ന് ക്ലാസുള്ളത്. അതിനാൽ ഒന്നാംക്ലാസ് വിദ്യാർഥി സ്‌കൂളിലെത്തേണ്ട സാഹചര്യമില്ലെന്നും കുട്ടിയെ കാണാനില്ലെന്ന് ആരും പരാതിയും നൽകിയിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, കുട്ടിയെ കാണാനില്ലെന്ന സന്ദേശത്തെത്തുടർന്ന് പോലീസ് സമീപമേഖലകളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. മേഖലയിലെ വിവിധ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ചൈൽഡ് ലൈനിൽ സന്ദേശം അറിയിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
Discussion about this post