ഓർക്കാട്ടേരി: കോഴിക്കോട്ടെ ചെക്യാട് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്ത് വരികയായിരുന്ന യുവതി ജീവനൊടുക്കിയ നിലയിൽ. വൈക്കിലശ്ശേരിയിലെ പുതിയോട്ടിൽ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
യുവതി പഞ്ചായത്തിൽ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നൽകിയില്ലെന്നും ഇത് മാനസികമായി വേദനയുണ്ടാക്കിയെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കിടപ്പുമുറിയിൽനിന്ന് കണ്ടെത്തി. ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നോട് മാർച്ചിൽ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്നാണ് പ്രിയങ്കയുടെ കത്തിലുള്ളത്.പഞ്ചായത്ത് സെക്രട്ടറി ലീവ് അനുവദിക്കാത്തത് സംബന്ധിച്ച് പ്രിയങ്ക സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തെത്തിയിട്ടുണ്ട്.
മാർച്ചിൽ അവധിചോദിച്ചപ്പോൾ 23 മുതൽ എടുത്തോയെന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്. രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് അമ്മ ബഹളംവെച്ചപ്പോൾ പരിസരവാസികൾ ഓടിക്കൂടിയാണ് വാതിൽ തുറന്നത്.
ALSO READ- ബാള്‍ട്ടിമോര്‍ അപകടം: കാണാതായ ആറ് പേരും മരിച്ചു; തിരച്ചില്‍ അവസാനിപ്പിച്ചു
തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ഉടൻ ഓർക്കാട്ടേരിയിലെ സ്വകാര്യക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: പുതിയോട്ടിൽ രാധ. സഹോദരൻ: പ്രണവ് (ബഹ്റൈൻ).
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.: 1056, 0471-2552056)
Discussion about this post