‘ആരോഗ്യസ്ഥിതി പോലിരിക്കും’; പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകുന്നതിനെ കുറിച്ച് എകെ ആന്റണി

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മകൻ അനിൽ കെ ആന്റണി മത്സരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫിനായി പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് എകെ ആന്റണി.തന്റെ ആരോഗ്യസ്ഥിതി പോലിരിക്കുമെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായ എ കെ ആന്റണി പ്രതികരിച്ചത്.

ALSO READ- കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് മരിച്ച സംഭവം; അയൽക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

കെപിസിസി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് പ്രചാരണം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ആരോഗ്യം അനുവദിക്കുന്നതു പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തുമെന്നും എകെ ആന്റണി പറഞ്ഞു.
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കുമെന്നും ആന്റണി പറഞ്ഞു. ഇക്കാര്യം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞുകഴിഞ്ഞു.’ഇത് ഡു ഓർ ഡൈ തെരഞ്ഞെടുപ്പ്’ ആണെന്നാണ് ആന്റണി വിശേഷിപ്പിച്ചത്.

ഒരിക്കൽക്കൂടി ബിജെപി അധികാരത്തിൽ വന്നാൽ പലതും സംഭവിക്കാം. എന്ത് വന്നാലും കേന്ദ്രത്തിൽ മോഡി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാവുക സാധ്യമല്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഡി സർക്കാരിന് അന്ത്യം കുറിക്കുമെന്നും ആന്റണി അഭിപ്രായപ്പെട്ടു. ഭരണഘടന സംരക്ഷിക്കാൻ മോഡിയെ അധികാരത്തിൽനിന്ന് താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും ആന്റണി പ്രതികരിച്ചു.

Exit mobile version