റാന്നി: പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ കഞ്ചാവ് കൃഷി നടത്തിയെന്ന റിപ്പോർട്ട് ശരിവെച്ച് കൂടുതൽ തെളിവുകൾ. ഈ കഞ്ചാവ് കൃഷിയെ കുറിച്ച് ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകൾ പുറത്ത്. റേഞ്ച് ഓഫീസർ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനിൽ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണമാണ് പുറത്തെത്തിയിരിക്കുന്നത്.
കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദ്യത്തിന് മറുപടിയില്ല. ഗ്രോബാഗിൽ കഞ്ചാവ് കൃഷി നടത്തിയ വാച്ചറെ പറഞ്ഞുവിടാൻ നിൽക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
നേരത്തെ തന്നെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയിരുന്നു. പ്ലാച്ചേരി സ്റ്റേഷനിൽ ആ സമയമില്ലാതിരുന്ന ഉദ്യോഗസ്ഥയുടെ പേര് റിപ്പോർട്ടിൽ എഴുതിയത് റേഞ്ച് ഓഫീസറാണെന്നും, ഈ റേഞ്ച് ഓഫീസർ ജയനെതിരെ പരാതി നൽകിയതിനാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്നുമാണ് വനിതാ ഓഫീസറുടെ പരാതി.
റെയിഞ്ച് ഓഫീസർ തന്റെ ഫോൺ രേഖകൾ അടക്കം ചോർത്താൻ ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്. നാൽപതിലധികം കഞ്ചാവുചെടികളാണ് സ്റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ നട്ടുവളർത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വീഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്.
ALSO READ-കൊല്ലത്ത് മൈതാനത്ത് കിടന്ന് ഉറങ്ങിയ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വീഡിയോ പ്രചരിച്ചതോടെയാണ് എരുമേലി റെയ്ഞ്ച് ഓഫിസർ ജയന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തെത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടത്തലുകളുണ്ടായത്.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജയ്യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.