കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റനറി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സോഷ്യൽമീഡിയയിലടക്കം സുപരിചിതയായ കെ ജാമിദയ്ക്കെതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പോലീസ് കേസെടുത്തിരിക്കുന്നത്.
കെ ജാമിദ തന്റെ യൂട്യൂബ് ചാനലായ ജാമിദ ടീച്ചർ ടോക്സ് എന്ന ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പോലീസ് നിരീക്ഷിച്ചു.
സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വിഡിയോകൾ ജാമിദ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ 153 (എ) പ്രകാരമാണ് ജാമിദയ്ക്കെതിരെ കേസ്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വിഡിയോകൾ ജാമിദ ചെയ്തിട്ടുണ്ട്.
ഇവർ ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വിഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ നോർത്ത് ഇന്ത്യൻ സൈബർ പ്ലാറ്റ്‌ഫോമുകളിലൂടെയും സമാനമായ വിദ്വേഷ പ്രചരണം നടന്നിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ഇരുമതവിഭാഗത്തേയും തമ്മിലടിപ്പിക്കുന്ന രീതിയിലാണ് പ്രചാരണമെന്നും പോലീസ് കണ്ടെത്തി.