ചേർപ്പ്: തൃശ്ശൂരിലെ ചേർപ്പിൽ പാൽ കറക്കുന്നതിനിടെ ഷോക്കേറ്റ് നാല് പശുക്കൾ ചത്തു, ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ച് പശുക്കളിൽ നാലെണ്ണമാണ് ഷോക്കേറ്റ് ചത്തത്. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ചത്ത പശുക്കൾ. തോമസിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു ഈ കന്നുകാലികൾ.
ഈ സമയത്ത് പശുവിനെ കറക്കുകയായിരുന്ന തോമസ് അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പിന്നിലുള്ള തൊഴുത്തിലാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവമുണ്ടായത്. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കൾ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാൽപാത്രം തോമസിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെങ്കിലും പരിക്കേറ്റില്ലെന്ന് തോമസ് പറഞ്ഞു.
ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായിരുന്നു. തുടർന്ന് തൊഴുത്തിന്റെ ഒരറ്റത്ത് നിന്ന് കവാടം വരെ ചുമരിനോട് ചേർന്ന് നടന്ന് തോമസ് പുറത്ത് എത്തുകയായിരുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള തൊഴുത്തിൽ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേൽക്കൂരയിൽ സ്ഥാപിച്ച ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചുവെന്നാണ് സംശയം.
മുൻപും ഒരു പശു തൊഴുത്തിൽ സമാന രീതിയിൽ ചത്തിരുന്നു. ചേർപ്പ് മൃഗാശുപത്രിയിലെ ഡോ.സിഎ പ്രദീപ് എത്തി പരിശോധന നടത്തി. സിസി മുകുന്ദൻ എംഎൽഎ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവരും സ്ഥലത്തെത്തി.