തിരുവനന്തപുരം: നൃത്താധ്യാപിക സത്യഭാമ കലാകാരന്മാർക്ക് എതിരെ നിറത്തിന്റെയും ജാതിയുടെയും പേരിൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷന്റെ നിർദേശം. സംസ്ഥാന പോലീസ് മേധാവിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
സത്യഭാമയുടെ പരാമർശങ്ങൾക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച വാർത്തകർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.
ഇതിനിടെ, സത്യഭാമയുടെ പരാമർശം തന്നെക്കൂടി ഉദ്ദേശിച്ചാണെന്ന് കാണിച്ച് നർത്തകൻ ആർഎൽവി രാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തിയതോടെ സത്യഭാമയ്ക്ക് കുരുക്ക് മുറുകുമെന്ന് ഉറപ്പായിരിക്കുകയാണ്.
എന്നാൽ താൻ ഇതിനിടെ ജാതിയധിക്ഷേപം നടത്തിയിട്ടില്ലെന്നും ചാനൽ പ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചപ്പോൾ താൻ പറഞ്ഞത് കടന്നുപോയതാകാമെന്നും സത്യഭാമ പ്രതികരിച്ചു. നന്നായി കളിച്ചാലും തന്റെ ശിഷ്യരുൾപ്പെടെ കറുത്തനിറമുള്ള കുട്ടികൾക്ക് സമ്മാനം ലഭിക്കാറില്ല. അതു കുട്ടികൾക്ക് വിഷമം ഉണ്ടാക്കുമെന്നതിനാലാണ് മത്സരിക്കേണ്ടെന്ന് പറയുന്നതെന്നും സത്യഭാമ വിശദമാക്കി.
Discussion about this post